കണ്ണൂരില്‍ മൂന്നു ക്വാറികള്‍ക്ക് താല്‍ക്കാലിക നിരോധനം

പ്രാഥമിക പരിശോധനയില്‍ തന്നെ നിയമ ലംഘനം കണ്ടെത്തിയ ആലപ്പടമ്പ, പെരിന്തട്ട വില്ലേജ് പരിധിയിലെ മൂന്നു ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു.

Update: 2019-09-14 13:22 GMT

കണ്ണൂര്‍: പ്രത്യേക സ്‌ക്വാഡിന്റെ പ്രാഥമിക പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ മൂന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. തളിപ്പറമ്പ് റവന്യൂ സബ് ഡിവിഷനലിനു കീഴില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ശനിയാഴ്ച പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ വ്യാപകമായി പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ നിയമ ലംഘനം കണ്ടെത്തിയ ആലപ്പടമ്പ, പെരിന്തട്ട വില്ലേജ് പരിധിയിലെ മൂന്നു ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. എരമം വില്ലേജ് പരിധിയില്‍ ഒരു ലോറി കസ്റ്റഡിയിലെടുത്ത് പെരിങ്ങോം പോലിസിലേല്‍പ്പിച്ചു. പെര്‍മിറ്റ് ഇല്ലാത്തതും പെര്‍മിറ്റുള്ളതില്‍ അധികം സ്ഥലത്ത് ഖനനം നടത്തിയതുമായ ക്വാറികള്‍ക്കെതിരേയാണ് നടപടി. ജിയോളജി, പഞ്ചായത്ത്, പോലിസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടര്‍ നടപടിക്കായി ജില്ലാ കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കുമെന്ന് തളിപ്പറമ്പ് ആര്‍ഡിഒ കെ കെ അനില്‍കുമാര്‍ അറിയിച്ചു.




Tags:    

Similar News