സാങ്കേതിക സർവകലാശാല: പരീക്ഷ അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് മാത്രം
ലാസ്‌റ്റ് സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയിട്ടാണ് നടത്തുക. പരീക്ഷ നടത്തിപ്പ് ചുമതല കോളജുകൾക്ക് ആയിരിക്കും. കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. യൂണിവേഴ്സിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായിട്ടാകും കോളജുകൾ പരീക്ഷ നടത്തുക.
തിരുവനന്തപുരം: അവസാന സെമസ്റ്റർ ഒഴികെയുള്ള എല്ലാ സെമസ്റ്ററുകൾക്കും യൂണിവേഴ്സിറ്റി പരീക്ഷ ഒഴിവാക്കാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. യുജിസി നിർദ്ദേശങ്ങൾ പ്രകാരം മുൻ സെമസ്റ്റർ പരീക്ഷകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി മാർക്കുകൾ നൽകുവാനാണ് തീരുമാനം. ഇപ്രകാരം ലഭിക്കുന്ന നൂറുമാർക്കിനൊപ്പം ആഭ്യന്തര മൂല്യനിർണ്ണയം വഴി അൻപതിൽ ലഭിച്ച മാർക്ക് ഏകീകരിക്കും. ഈ രണ്ടുമാർക്കുകളും ചേർത്ത് 150 മാർക്കിനാണ് ഗ്രേഡുകൾ നിശ്ചയിക്കുക. ഇതിനൊപ്പം എല്ലാ വിഷയങ്ങൾക്കും അഞ്ച് ശതമാനം പൊതു മോഡറേഷൻ മാർക്കും അധികമായി നൽകും.
മുൻസെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്ക്കാണ് ഈ സെമസ്റ്ററിന്റെ ഗ്രേഡ് കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകുക. ഇപ്രകാരം ലഭിക്കുന്ന ഗ്രേഡുകൾ തൃപ്തികരമല്ലെങ്കിൽ അവ റദ്ദുചെയ്യുവാനും തുടർന്ന് അതേവിഷയത്തിലെ അടുത്തപരീക്ഷ എഴുതുവാനും അനുവദിക്കും. നിലവിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ റഗുലർ വിദ്യാർത്ഥികൾക്കാണ് ഇവ ബാധകമാവുക. ഇതോടൊപ്പം നിലവിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം സെമസ്റ്ററിലെ ഏതെങ്കിലും രണ്ടുവിഷയങ്ങളിലെ മാർക്കുകൾ മെച്ചപ്പെടുത്തുവാനുള്ള അവസരവും അധികമായി നൽകും.
അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തണമെന്ന യുജിസി നിർദേശമുള്ളതുകൊണ്ട് യൂണിവേഴ്സിറ്റി നിർദേശങ്ങൾക്കനുസൃതമായി കോളജ് തലത്തിൽ പരീക്ഷ നടത്തും. ലാസ്‌റ്റ് സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയിട്ടാണ് നടത്തുക. പരീക്ഷ നടത്തിപ്പ് ചുമതല കോളജുകൾക്ക് ആയിരിക്കും. കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. യൂണിവേഴ്സിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായിട്ടാകും കോളജുകൾ പരീക്ഷ നടത്തുക. ഈ പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റിയുള്ള വിശദമായ നിർദേശങ്ങളും മറ്റുവിവരങ്ങളും യൂണിവേഴ്സിറ്റി ഉടൻതന്നെ പ്രസിദ്ധപ്പെടുത്തും. ഓരോ വിഷയത്തിലും കോളജ് തലത്തിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർത്ഥികളുടെ മുൻസെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി ഏകീകരിക്കും. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലിലഭിച്ചവർക്കും വിവിധ സർവകലാശാലകളിൽ ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവർക്കും പരീക്ഷകൾ നീണ്ടുപോകുന്നതുമൂലം അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം എസ് രാജശ്രീ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി നിർദേശങ്ങൾക്കനുസരിച്ച് നടത്തുന്ന കോളജ്‌തല പരീക്ഷകൾ വഴി ഗ്രേഡുകൾ നേടുവാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികൾക്കും ഈ പരീക്ഷയിൽ ലഭിച്ച ഗ്രേഡുകൾ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും സപ്തംബറിൽ നടത്തുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ അവസരം ലഭിക്കും. നിലവിലെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന മുറക്ക് സപ്ലിമെന്ററി പരീക്ഷകൾ നടത്തും.
