ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി: പ്രവാസികളോടുള്ള കൊടുംചതിയെന്ന് ശശി തരൂര്‍ എംപി

Update: 2021-04-01 15:55 GMT

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ഡോ.ശശി തരൂര്‍ എംപി. വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അതില്‍നിന്നൊരു രഹസ്യ യു ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണെന്ന് തരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ആരുമറിയാതെ പാര്‍ലമെന്റ് സമ്മേളനത്തിെന്റ അവസാനാളുകളില്‍ ധനകാര്യബില്‍ ചര്‍ച്ചയില്‍ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന ഈ പുതിയ നിര്‍ദേശം വിദേശമലയാളികേളാട് കേന്ദ്രം കാട്ടിയ അനീതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരമാനം പിന്‍വലിക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് താന്‍ കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Tags: