സഭാ വ്യാജരേഖാ കേസ്: വൈദികരുടെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക്; ആദിത്യനോട് ഹാജരാവാന്‍ നിര്‍ദേശം
മൂന്നാം പ്രതി ആദിത്യനോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വൈദികര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനാണ് ആദിത്യനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ നിര്‍മിച്ച കേസില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദികരുടെ ചോദ്യംചെയ്യല്‍ തുടരും. മൂന്നാം പ്രതി ആദിത്യനോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വൈദികര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനാണ് ആദിത്യനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജരേഖ കേസില്‍ പ്രതി ചേര്‍ത്ത ഫാ. പോള്‍ തേലക്കാടിനെയും ഫാ. ആന്റണി കല്ലൂക്കാരനെയും പോലിസിനു പുറമെ ഫോറന്‍സിക് വിദഗ്ധരും ചോദ്യംചെയ്തിരുന്നു. ഇരുവരുടെയും കംപ്യൂട്ടറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് വിദഗ്ധരും ചോദ്യം ചെയ്തത്. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഹാജരാവണമെന്ന് ആദിത്യന് ജാമ്യം അനുവദിച്ചപ്പോള്‍ കോടതിയും ഉത്തരവിട്ടിരുന്നു. അഞ്ചുവരെയാണ് വൈദികരെ ചോദ്യംചെയ്യാന്‍ കോടതി അനുവദിച്ചിരിക്കുന്നത്.
മുന്‍ വൈദിക സമിതി അംഗവും അങ്കമാലി മറ്റൂര്‍ പള്ളി വികാരിയുമായ ഫാ. ആന്റണി പൂതവേലിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വ്യാജരേഖ ചമച്ചതിനു പിന്നില്‍ ഫാ. പോള്‍ തേലക്കാടിന് പങ്കുണ്ടെന്നും സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിന് ഒത്താശചെയ്‌തെന്നും 10 ലക്ഷം രൂപ ഇതിനായി ചെലവാക്കിയെന്നും ഫാ. ആന്റണി പൂതവേലില്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ആലുവ ഡിവൈഎസ്പി ഓഫിസില്‍ ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യല്‍ നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ പോള്‍ തേലക്കാട്. കേസിലെ നാലാം പ്രതിയാണ് ഫാദര്‍ ആന്റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരും ചോദ്യംചെയ്യലിന് ഹാജരാവാന്‍ നിര്‍ബന്ധിതരായത്.
