ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ നിവേദനം നല്‍കി

സിനഡില്‍ വിപുലമായ ചര്‍ച്ചയ്ക്ക് വയ്ക്കാത്ത കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള പഴയ തീരുമാനം ഏതാനും പേരുടെ താല്‍പര്യാനുസരണം അടിച്ചേല്‍പിക്കുന്നത് അധാര്‍മികവും അവിവേകവുമായിരിക്കുമെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു

Update: 2021-08-10 16:07 GMT

കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃതമായ രീതിയില്‍ കുര്‍ബന അര്‍പ്പണം നടപ്പിലാക്കാനുള്ള മെത്രാന്‍ സിനഡിന്റെ നീക്കത്തിനെതിരെ മാര്‍പാപ്പയ്ക്ക് നിവേദനം നല്‍കി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍.സീറോ മലബാര്‍ സഭയിലാകെ കുര്‍ബാന പകുതി ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും പകുതി ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും അര്‍പ്പിക്കുന്ന രീതി നടപ്പിലാക്കാനാണ് മെത്രാന്‍ സിനഡ് ശ്രമിക്കുന്നതെന്നാണ് വൈദികര്‍ പറയുന്നത്.50 വര്‍ഷങ്ങളിലേറെയായി എറണാകുളംഅങ്കമാലി അതിരൂപതയിലെ ഇടവകകളില്‍ പൂര്‍ണ്ണമായും ജനാഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്.ഇത് തന്നെ തുടരണമെന്നാണ് അതിരൂപതയിലെ വൈദികരുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സീറോമലബാര്‍ സിനഡ് മെത്രാന്മാര്‍ക്കും 466 വൈദികര്‍ ഒപ്പിട്ട നിവേദനം അയച്ചു. കഴിഞ്ഞ ജൂലൈ മൂന്നിന് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ മെത്രാന്മാരോട് ദൈവജനത്തിനോടൊപ്പം നടക്കാനും ഐകരൂപ്യത്തിനേക്കാള്‍ ഐക്യത്തിനു പ്രധാന്യം കൊടുക്കാനും പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ ഉള്‍ക്കൊണ്ട് സിനഡ് മെത്രാന്മാര്‍ സഭയില്‍ ഐകരൂപ്യം അടിച്ചേല്‍പിക്കരുതെന്നാണ് നിവേദനത്തിലെ പ്രധാന ഉള്ളടക്കം. അതിരൂപതാ വൈദിക സമ്മേളനവും പാസ്റ്ററല്‍ കൗസിലും ആലോചനാ സമിതിയും ലിറ്റര്‍ജി കമ്മിററിയും അംഗീകരിച്ച നിവേദനമാണ് റോമിലേക്ക് അയച്ചത്.

പൗരസ്ത്യ കാനോന്‍ നിയമം 1506 ഉം 1507 ഉം പ്രകാരം സഭയില്‍ ഏതെങ്കിലും പ്രദേശത്ത് നിയമാനുസൃതമായും അധികാരികളുടെ അനുമതിയോടും കൂടി ആവര്‍ത്തിച്ചു വരുന്ന ക്രമം ആ സഭയുടെ പാരമ്പര്യമാകുമെന്നും ആ പാരമ്പര്യത്തിനു നിയമസാധുതയുണ്ടെന്നും വൈദികര്‍ മെത്രാന്‍ സിനഡിനെ ഓര്‍മിപ്പിച്ചു.വിശ്വാസികളുടെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്ന ആരാധനക്രമം പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ വിശ്വാസികളുടെയും വൈദികരുടെയും സന്യസ്ത്യരുടെയും കൂടി അഭിപ്രായങ്ങള്‍ മാനിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.

സീറോമലബാര്‍ സഭയിലെ 1999ല്‍ അംഗീകരിച്ച കുര്‍ബാനക്രമത്തിന്റെ ടെക്സ്റ്റില്‍ ചില നവീകരണങ്ങള്‍ വരുത്തുതിനെക്കുറിച്ചാണ് രൂപതാതലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ആഗസ്റ്റ് 2020ലെ സിനഡിന്റെ തീരുമാന പ്രകാരം മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അപ്പോഴൊന്നും കുര്‍ബാന അര്‍പ്പിക്കു രീതിയെക്കുറിച്ച് ഒരിടത്തും ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചുവരുന്ന രൂപതകളില്‍ അതിനു പകരം മറ്റ് രീതികള്‍ അടിച്ചേല്പിക്കുന്നത് മാര്‍പാപ്പയുടെ കത്തിന് വിരുദ്ധമായിരിക്കുമെന്നും വൈദികര്‍ നിവേദനത്തില്‍ പറയുന്നു.

നിലവിലെ സിനഡില്‍ വിപുലമായ ചര്‍ച്ചയ്ക്ക് വയ്ക്കാത്ത കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള പഴയ തീരുമാനം ഏതാനും പേരുടെ താല്‍പര്യാനുസരണം അടിച്ചേല്‍പിക്കുന്നത് അധാര്‍മികവും അവിവേകവുമായിരിക്കുമെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കുര്‍ബാന പോലും ശരിയായി അര്‍പ്പിക്കാനാവാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിതത്തോടു അടുത്തുനില്‍ക്കുന്ന കുര്‍ബാന അര്‍പ്പണരീതിയില്‍ മാറ്റം വരുത്തിയാല്‍ അപകടകരമായ പ്രതിസന്ധി സീറോമലബാര്‍ സഭയിലുണ്ടാകുമെും വൈദികര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.

Tags: