സീറോ മലബാര്‍ സഭ സിനഡിന് സത്യസന്ധമായ നിലപാടുക്കാന്‍ സാധിക്കുന്നില്ലെന്ന്; വത്തിക്കാന്‍ ഇടപെടണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

അതിരൂപതയിലെ ഭൂമിയിടപാടില്‍ വന്ന നഷ്ടം നികത്താന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് പകരം അതിരൂപത പണം നല്‍കി തീറാധാരം ചെയ്ത് വാങ്ങിച്ച കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടപരിഹാരം ചെയ്യാനുള്ള നീക്കത്തെ അതിരൂപതയിലെ വൈദികകരും വിശ്വാസികളും എന്തു വിലകൊടുത്തും ചെറുക്കുമെന്നും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത്

Update: 2021-01-19 04:01 GMT

കൊച്ചി:സീറോ മലബാര്‍ സഭാ സിനഡിന് സത്യസന്ധവും ധാര്‍മികവുമായ നിലപാടുകള്‍ എടുക്കാന്‍ സാധിക്കാത്ത വിധത്തിലുളള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അപക്വമായ സിനഡിന്റെ തീരുമാനങ്ങളുടെ പേരില്‍ വത്തിക്കാന്‍ ശക്തമായി സീറോ മലബാര്‍ സഭയിലിടപെടേണ്ട ആവശ്യമുണ്ടെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകര്‍.കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി ചേര്‍ന്ന സീറോ-മലബാര്‍ സഭ സിനഡിന്റെ വാര്‍ത്താ കുറിപ്പ് ഏറെ തെറ്റിദ്ധാരണ ജനകവും വാസ്തവവിരുദ്ധവുമാണെന്നും വൈദികര്‍ കുറ്റപ്പെടുത്തി.

അതിരൂപതയിലെ മൂഴിക്കുളം ഫൊറോന വൈദിക യോഗം പ്രമേയം വഴി എത്രയും വേഗം വൈദിക കൂട്ടായ്മ വിളിച്ചു ചേര്‍ക്കണമെന്ന് അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇനിയുള്ള ഫൊറോന വൈദിക കൂട്ടായ്മകളും ഇത്തരത്തില്‍ പ്രമേയങ്ങള്‍ പാസാക്കും.ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനെ കണ്ട് അതിരൂപത സംരക്ഷണ സമിതിയംഗങ്ങള്‍ ഉടന്‍ വൈദിക സമിതിയോഗം വിളിച്ചു കൂട്ടണമെന്നും അതിരൂപതയിലെ ഭൂമിയിടപാടില്‍ വന്ന നഷ്ടം നികത്താന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് പകരം അതിരൂപത പണം നല്‍കി തീറാധാരം ചെയ്ത് വാങ്ങിച്ച കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടപരിഹാരം ചെയ്യാനുള്ള നീക്കത്തെ അതിരൂപതയിലെ വൈദികകരും വിശ്വാസികളും എന്തു വിലകൊടുത്തും ചെറുക്കുമെന്നും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

അടിയന്തരമായി അതിരൂപതയിലെ കാനോനിക സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരത്തെക്കുറിച്ചുള്ള പന്ത്രണ്ടംഗ കമ്മിറ്റി റിപോര്‍ട് റോമിലോക്ക് അയക്കാനും അത് ധവള പത്രമായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഭൂമിയിടപാടുകേസില്‍ പോലിസ് റിപോര്‍ട് അവസാനവാക്കല്ലെന്നും അബദ്ധങ്ങളും അസംബന്ധങ്ങളും ഉള്ള ആ റിപോര്‍ടില്‍ സംതൃപ്തി രേഖെപ്പടുത്തിയ സിനഡ് അംഗങ്ങളില്‍ പലരും ആ റിപോര്‍ട് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ലയെന്നും ബിഷപുമാരോടുള്ള സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കിയതായും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ഇങ്ങനെ പോലിസ് റിപോര്‍ട്ടില്‍ ഒരാള്‍ കുറ്റവിമുക്തനാകുമെങ്കില്‍ ഈ രാജ്യത്ത് കോടതികളും വിചാരണകളും ആവശ്യമില്ലല്ലോയെന്നും സമിതി നേതൃത്വം ചോദിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ തിയോദര്‍ മക്‌രിക്കിനെ പുറത്താക്കിയ മക്‌രിക് റിപോര്‍ട്ടിലാണ് 30 വര്‍ഷം മാര്‍പാപ്പമാരെ പറഞ്ഞ് പറ്റിച്ച കര്‍ദിനാള്‍ നടത്തിയ കള്ളകളികളുള്ളത്. ആ റിപോര്‍ട്ട് പ്രസിദ്ധികരിക്കാന്‍ ആവശ്യെപ്പട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ആ റിപോര്‍ടിനെ അധികരിച്ചുള്ള ലേഖനത്തിന്റെ പേരില്‍ വൈദികനെതിരെ നടപടിയെടുക്കണമെന്നാവശ്യം തികച്ചും ബാലിശമാണെന്നും ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.വിവാദ ലേഖന ത്തിന്റെ വെളിച്ച ത്തില്‍ ലേഖകനെതിരെ നടപടികളെടുക്കാനുള്ള ആവശ്യം അപലപനീയമാണ്. പകരം ഒരു കമ്മീഷനെ വച്ച് അന്വേഷണം നടത്തി ഈ വിഷയ ത്തില്‍ സത്യം വെളിച്ചത്തു കൊണ്ടുവരനാണ് ശ്രമിക്കേണ്ടതെന്നും അതിരൂപത സംരക്ഷണ സമിതി നേതൃത്വം ആവശ്യപ്പെട്ടു.

Tags: