'സ്വപ്നക്കെതിരേ മൊഴി നൽകാൻ വിസമ്മതിച്ചതിന് കേസിൽ പ്രതിയാക്കി'; പോലിസിനെതിരേ ആരോപണം
മൊഴി നൽകേണ്ട കാര്യങ്ങൾ പോലിസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദേശം.
കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പോലിസ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി അവരുടെ ഡ്രൈവർ അനീഷ് സദാശിവൻ. സ്വപ്നയ്ക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് ഡ്രൈവർ ആരോപണം ഉന്നയിച്ചത്.
മൊഴി നൽകേണ്ട കാര്യങ്ങൾ പോലിസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദേശം. ഇതിന് തയ്യാറായില്ലെന്നും തുടർന്നാണ് പാലക്കാട് കേസിൽ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു.
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ഡ്രൈവർ അനീഷിനെ പോലിസ് പ്രതി ചേർത്തിരുന്നു. 2021 ജൂലൈയിൽ നടന്ന സംഭവത്തിൽ പതിനൊന്നാം തീയതിയാണ് അഗളി പോലിസ് കേസെടുത്തത്.
ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷും രംഗത്തെത്തി. പോലിസിന് അനുകൂലമായി രഹസ്യ മൊഴി നൽകാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസിൽ കുടുക്കിയെന്നുമാണ് ആരോപണം.