2018ലെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം എം എസ് മണിക്ക്

ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

Update: 2019-12-06 17:28 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം എസ് മണിക്ക്. ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ കെ വി സുധാകരന്‍ ചെയര്‍മാനും പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ് കണ്‍വീനറും വിധു വിന്‍സന്റ്, ജിനേഷ് എരമം എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുകയും നിര്‍ണായകസ്വാധീനം ചെലുത്തുകയും ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്നതു പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ മാധ്യമപുരസ്‌കാരത്തിന് എം എസ് മണിയെ തിരഞ്ഞെടുത്തത്. 1941 നവംബര്‍ നാലിന് കൊല്ലത്ത് പത്മഭൂഷണ്‍ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന സി വി കുഞ്ഞിരാമന്റെ ചെറുമകനാണ്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിഎസ്‌സി ബിരുദം നേടിയ അദ്ദേഹം 1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപോര്‍ട്ടറായാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്.

1962ല്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് കറസ്‌പോണ്ടന്റായി. 1960 കളില്‍ ലോക്‌സഭാ, രാജ്യസഭാ റിപോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനായ അദ്ദേഹം, അക്കാലത്ത് നിരവധി എക്‌സ്‌ക്ലൂസീവുകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മകള്‍: വത്‌സാ മണി (കേരള കൗമുദി). മകന്‍: സുകുമാരന്‍ മണി (എംഡി ആന്റ് എഡിറ്റര്‍, കലാകൗമുദി പബ്ലിക്കേഷന്‍സ്). 

Tags:    

Similar News