മുസ്ലീം വിരുദ്ധത: കേന്ദ്ര സർക്കാരിന്റെ ഫണ്ട് നിരസിച്ച് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ്
ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് നല്‍കുന്ന കേന്ദ്രഫണ്ടാണ് ജമാഅത്ത് ഭരണസമിതി നിരസിച്ചത്.
പത്തനംതിട്ട: മുസ്ലീം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ധനസഹായം നിരസിച്ച് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ്. ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് നല്‍കുന്ന കേന്ദ്രഫണ്ടാണ് ജമാഅത്ത് ഭരണസമിതി നിരസിച്ചത്.
സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ സ്പിരിച്വല്‍ സര്‍ക്യൂട്ടിലാണ് ജില്ലയിലെ അഞ്ചു മുസ്‌ലിം പള്ളികളില്‍ ഇടം നേടിയത്. ഇതിൽ പത്തനംതിട്ട ജുമാ മസ്ജിദ് ഉള്‍പ്പെടെ രണ്ടുപള്ളികളാണ് കേന്ദ്രഫണ്ട് വാങ്ങേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. കേന്ദ്രടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ അന്തിമ പട്ടികയില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ടെങ്കിലും അതിനു കാത്തുനില്‍ക്കാതെയാണ് പത്തനംതിട്ട ജുമാ മസ്ജിദ് വിയോജിപ്പ് അറിയിച്ചത്.
ബിജെപി സർക്കാർ പൗരത്വ നിഷേധമുൾപ്പടെ മുസ്ലീം വിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന പുതിയ സാഹചര്യത്തില്‍ കേന്ദ്രഫണ്ട് വാങ്ങാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പള്ളി കമ്മിറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് ഷാജഹാൻ പറഞ്ഞു. പദ്ധതി നടത്തിപ്പിലെ വിശദീകരണം ചോദിച്ച് ജില്ലാ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ക്കു മുമ്പ് കത്ത് നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷാജഹാൻ പറഞ്ഞു.