സ്ഫോടക വസ്തുക്കള്‍ പിടികൂടിയതില്‍ ദുരൂഹത; ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്

അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഇത്തരത്തില്‍ സ്ഫോടക വസ്തുക്കളും ബോംബുകളും ആയുധങ്ങളും കണ്ടെടുക്കുന്നുണ്ട്.

Update: 2021-02-26 13:02 GMT

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് കേരളത്തില്‍ വലിയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നത്.

അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഇത്തരത്തില്‍ സ്ഫോടക വസ്തുക്കളും ബോംബുകളും ആയുധങ്ങളും കണ്ടെടുക്കുന്നുണ്ട്. ഇതിലേറെയും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നാണ്. ആര്‍എസ്എസ് കേരളത്തില്‍ നടത്തുന്ന ആയുധക്കടത്തിനും കലാപാഹ്വാനത്തിനും സ്ഫോടക വസ്തു കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.

ഇത്തരം സംഭവങ്ങള്‍ നിസാരമാക്കി തള്ളുന്നതിലൂടെ സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്താനുള്ള സംഘപരിവാര്‍ പദ്ധതിക്ക് പോലിസ് മൗനാനുവാദം നല്‍കുകയാണ്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ തുടങ്ങി വന്‍സ്‌ഫോടക വസ്തു ശേഖരമാണ് പിടികൂടിയത്. കിണറിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന വസ്തുക്കളാണെന്ന നിലയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് പോലിസ് ശ്രമം. സ്ത്രീകളെ കരുവാക്കി ആര്‍എസ്എസ് നടത്തുന്ന ഇടപാടാണോ ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം പിറവത്ത് തോക്കുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. വയലാറില്‍ എസ്ഡിപിഐ ജാഥയ്ക്ക് നേരെ ആയുധങ്ങളുമായി ആക്രമണത്തിനെത്തിയതും ആര്‍എസ്എസുകാരാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധ പ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകളും വന്‍തോതിലുള്ള ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനേയെല്ലാം നിസാരവല്‍ക്കരിച്ച് തള്ളുന്ന സമീപനമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകൊണ്ടത്. ആര്‍എസ്എസ് ഭീകരതയോടുള്ള മൃദുസമീപനങ്ങള്‍ കേരളത്തിന്റെ ഭാവി അപകടത്തിലാക്കുമെന്നും എസ് നിസാര്‍ പറഞ്ഞു.