നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സരിത്ത് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിപത്രം വ്യാജമായി ചമച്ചെന്ന് സംശയം

അനുമതിപത്രം ഹാജരാക്കിയിരുന്നെന്നു കസ്റ്റംസ് അറിയിക്കുകയും 2018 മുതല്‍ കോണ്‍സുലേറ്റിന് അനുമതിപത്രം നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് പ്രട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്കു മൊഴി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്.

Update: 2020-08-28 04:30 GMT

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ പി എസ് സരിത്ത് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിപത്രം വ്യാജമായി ചമച്ചെന്നു സംശയം. അനുമതിപത്രം ഹാജരാക്കിയിരുന്നെന്നു കസ്റ്റംസ് അറിയിക്കുകയും 2018 മുതല്‍ കോണ്‍സുലേറ്റിന് അനുമതിപത്രം നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് പ്രട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്കു മൊഴി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്. അനുമതിപത്രം ഹാജരാക്കിയിരുന്നെന്നു സരിത്ത് അവകാശപ്പെട്ടിട്ടുമുണ്ട്. ദുബായില്‍നിന്നു ബാഗേജ് അയ്ക്കാന്‍ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് തുടങ്ങിയവരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കോണ്‍സുല്‍ ജനറലിന്റെ കത്ത് വ്യാജ ലെറ്റര്‍ഹെഡില്‍ നിര്‍മിച്ച് ദുബായിലേക്ക് അയച്ചുകൊടുത്തിരുന്നതു സരിത്താണ്. ഈ രീതിയില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ കത്തും സരിത്ത് തയാറാക്കിയതാണോ എന്നറിയാന്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇതിനായി സരിത്തിന്റെ പെന്‍ഡ്രൈവ് പരിശോധനാഫലം വൈകരുതെന്നു സി-ഡാക്കിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 നവംബര്‍ മുതല്‍ 21 തവണയായി നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്നാണു പ്രതികള്‍ എന്‍ഐഎയോടും ഇഡിയോടും സമ്മതിച്ചത്. 23 തവണ കടത്തിയെന്നു കസ്റ്റംസ് പറയുന്നു. അമ്പതിലേറെ തവണ കടത്തിയതായാണു പ്രതികളുടെ മൊഴികള്‍ തമ്മില്‍ ഒത്തുനോക്കിയപ്പോള്‍ ഇഡിക്കു വ്യക്തമായത്. 2019 ജനുവരി മുതല്‍ സ്വര്‍ണം കൊണ്ടുവന്നതായി പ്രതികളുടെ മൊഴികളിലുണ്ട്. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനാണു 2016 ഒക്ടോബര്‍ മുതലുള്ള ഫയലുകള്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചതു 2016 ഒക്ടോബറിലാണ്. കോണ്‍സുലേറ്റിലേക്കു 20 ലക്ഷം രൂപയ്ക്കുമേല്‍ മൂല്യമുള്ള വസ്തുക്കള്‍ നയതന്ത്ര ബാഗേജ് വഴി കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. വില താഴെയെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെയും. ഫര്‍ണിച്ചര്‍, ഭക്ഷ്യവസ്തുക്കള്‍, ഗ്രോസറി, ഓഫീസ് വസ്തുക്കള്‍ തുടങ്ങിയവയാണ് കൊണ്ടുവരാന്‍ കഴിയുന്നവ.

Tags:    

Similar News