ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വോട്ട് ചെയ്തത് തൃശൂരില്‍; ഇത്തവണ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്സ്ഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. സ്ഥിരതാമസം എന്ന് പറഞ്ഞാണ് നേരത്തെ തൃശൂരില്‍ വോട്ട് ചേര്‍ത്തത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം എന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഞാന്‍ കൊടുത്ത പരാതി നിലനില്‍ക്കുന്നുണ്ട്. വ്യാജമായ നിരവധി വോട്ടുകള്‍ ചേര്‍ത്ത് സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ ഓര്‍ഡിനറി റസിഡന്‍സ് ആണെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ പതിനായിരക്കണക്കിന് ആളുകളെ ചേര്‍ത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ സ്ഥാനാര്‍ഥി ഇവിടെ വോട്ട് ചേര്‍ത്തത് തൃശൂര്‍ കോര്‍പറേഷനിലെ മുക്കാട്ടുകര ഡിവിഷനിലാണ്. ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ വോട്ട് ചെയ്തിരിക്കുകയാണ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണ് സുനില്‍കുമാര്‍ പറഞ്ഞു.
ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും വോട്ട് ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. ഇതിനി ഇലക്ഷന്‍ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി നല്‍കണം സുനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
