സ്ഥാനാര്‍ഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപിക്ക് ന്യുമോണിയ
പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന.
കൊല്ലം: ന്യുമോണിയ ബാധയെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിൽസയില്‍ തുടരുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.
എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അൽഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാര്‍ത്ഥിയാകും.
