സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയിലെത്തിയേക്കും

സിനിമയില്‍ ഭൂരിഭാഗവും പേരും വലതുപക്ഷക്കാരാണ്. ഒന്നോ രണ്ടോ പേര്‍ ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവന്‍ കലാകാരന്‍മാരും ഇടതുപക്ഷ അനുഭാവികളല്ല.

Update: 2021-02-18 17:27 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്തേക്കുമെന്ന് ധര്‍മ്മജന്‍. സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്താല്‍ അത്ഭുതപ്പെടാനില്ലെന്ന് നടന്‍ പറഞ്ഞു.

കൂടുതല്‍ സിനിമാക്കാര്‍ കോണ്‍ഗ്രസിലേക്ക് വരും. രമേഷ് പിഷാരടിയുടെ വരവ് തുടക്കം മാത്രമാണ്. വലിയൊരു സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഇടവേള ബാബുവും മേജര്‍ രവിയുമൊക്കെ കോണ്‍ഗ്രസിലേക്ക് വരുന്നത് ആരെങ്കിലും പറഞ്ഞിട്ടല്ല. സ്വന്തം രാഷ്ട്രീയം തുറന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നും ധര്‍മ്മജന്‍ ചോദിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.

സിനിമയില്‍ ഭൂരിഭാഗവും പേരും വലതുപക്ഷക്കാരാണ്. ഒന്നോ രണ്ടോ പേര്‍ ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവന്‍ കലാകാരന്‍മാരും ഇടതുപക്ഷ അനുഭാവികളല്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടേയും മൽസരിക്കും. ഇതുവരെ ഒരു മണ്ഡലത്തേക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടില്ല. കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കങ്ങളെല്ലാം മാറ്റിവെച്ച് ഒരുമിച്ച് മുന്നോട്ടുവരികയാണ്. താന്‍ ഒരു ഗ്രൂപ്പിനേയും പ്രതിനിധീകരിക്കുന്നില്ല.

സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് സിനിമാക്കാര്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നത്. രാഷ്ട്രീയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചലച്ചിത്രമേളയില്‍ സലിംകുമാറിനെ അവഗണിച്ചത്. താന്‍ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കുന്നത് അതുകൊണ്ടാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.