പത്രിക തള്ളിയ സംഭവം: തേജ് ബഹാദൂറിന്റെ ഹരജിയില്‍ സുപ്രിംകോടതി തിര. കമ്മീഷനോട് വിശദീകരണം തേടി

അകാരണമായി പത്രിക തള്ളിയ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്താണ് തേജ് ബഹദൂര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ബിഎസ്എഫില്‍നിന്നു പുറത്താക്കിയ കാര്യം തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയുടെ നടപടി.

Update: 2019-05-08 09:28 GMT

ന്യൂഡല്‍ഹി: വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ മുന്‍ ബിഎസ്എഫ് ജവാനും എസ്പി സ്ഥാനാര്‍ഥിയുമായ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി പരിശോധിച്ച് 24 മണിക്കൂറിനകം നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അകാരണമായി പത്രിക തള്ളിയ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്താണ് തേജ് ബഹദൂര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ബിഎസ്എഫില്‍നിന്നു പുറത്താക്കിയ കാര്യം തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയുടെ നടപടി.

സൈനിക സേവനത്തില്‍നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നാണ് തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കൊണ്ട് വാരാണസി വരണാധികാരി വ്യക്തമാക്കിയിരുന്നത്. മുന്‍ സൈനികര്‍ മല്‍സരിക്കുമ്പോള്‍ ബിഎസ്എഫില്‍നിന്ന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പുറത്താക്കപ്പെടുന്നതു സംബന്ധിച്ച വിഷയം അഴിമതി, വിധേയത്വ വിഷയങ്ങളില്‍ മാത്രമാണെന്നും അച്ചടക്കനടപടി നേരിടുന്നവര്‍ക്ക് ജനപ്രാതിനിധ്യനിയമത്തിലെ ഒമ്പതാം വകുപ്പ് ബാധകമല്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ യാദവ് വ്യക്തമാക്കുന്നു.

2017 ജനുവരിയിലാണ് ബിഎസ്എഫ് ജവാന്‍മാര്‍ കഴിക്കുന്നത് മോശം ഭക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയും തേജ് ബഹാദൂറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു. വാരാണസിയില്‍ മെയ് 19ന് നടക്കുന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. 

Tags:    

Similar News