ഞായറാഴ്ച ലോക്ക് ഡൗണ്‍, രാത്രികാല കര്‍ഫ്യൂ ഇളവുകള്‍; അവലോകന യോഗം ഇന്ന്

Update: 2021-09-07 03:44 GMT

തിരുവനന്തപുരം: ഞായറാഴ്ച ലോക്ക് ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവയില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യവും യോഗം വിലയിരുത്തും. ഓണാഘോഷത്തിന്റെ ഭാഗമായി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചത്ര രോഗവ്യാപനമുണ്ടായില്ല.

കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയില്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ പെട്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് സൂചന. ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Similar News