അറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍; പോക്സോ ചുമത്തി
പെണ്‍കുട്ടിയെ അറബി കോളജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം: ബാലരാമപുരത്തെ അറബിക് കോളജില്‍ 17 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോക്‌സോ ചുമത്തി ബീമാപ്പള്ളി സ്വദേശിയെ പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി നടുവിളാകം പുരയിടം വീട്ടില്‍ ഹാഷിമി (20) നെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലിസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ദിവസം പൂന്തുറ പോലിസിന് കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിനെ പുന്തുറ പോലിസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്റെ മൊഴി. പെണ്‍കുട്ടിയെ മറ്റാരെങ്കിലും ഉപദ്രവിച്ചിരുന്നോ എന്നതടക്കം കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 13നാണ് പെണ്‍കുട്ടിയെ അല്‍ അമാന്‍ എജൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.അതേസമയം, പെണ്‍കുട്ടിയെ വെക്കേഷന്‍ ക്ലാസിനായാണ് മാതാപിതാക്കള്‍ എത്തിച്ചതെന്നും കുട്ടിക്ക് ഇവിടെ നിന്നു പഠിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നുവെന്നുമാണ് മതപഠനകേന്ദ്രം അധികൃതര്‍ നല്‍കിയ വിശദീകരണം. വീട്ടിലേക്ക് വിളിക്കുന്നതിന് അനുവദിച്ചിരുന്ന സമയത്തല്ലാതെയും കുട്ടി ഫോണ്‍ ചെയ്യുന്നതിന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നിരസിച്ച ദേഷ്യത്തിന് തൂങ്ങിയെന്നുമാണ് സ്ഥാപന അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം .
