സംസ്ഥാനത്തെ ആദ്യ ചോലനായ്ക്കര്‍ സ്ഥാനാര്‍ഥി സുധീഷ് വിജയിച്ചു

വഴിക്കടവ് പഞ്ചായത്തില്‍ വനത്തില്‍ പുഞ്ചക്കൊല്ലി അളക്കല്‍ കോളനിവാസിയാണ് സുധീഷ്.

Update: 2020-12-16 09:34 GMT

മലപ്പുറം: സംസ്ഥാനത്തെ ആദ്യ ചോലനായ്ക്കര്‍ സ്ഥാനാര്‍ഥി സുധീഷ് വിജയിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് 21കാരനായ സുധീഷ് മത്സരിച്ചത്. ചോലനായ്ക്കർ ആദിവാസി വിഭാ​ഗത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് സുധീഷ്.

വഴിക്കടവ് പഞ്ചായത്തില്‍ വനത്തില്‍ പുഞ്ചക്കൊല്ലി അളക്കല്‍ കോളനിവാസിയാണ് സുധീഷ്. ഏഷ്യയിലെതന്നെ പ്രാക്തന ഗോത്ര നിവാസികളില്‍ ഗുഹകളില്‍ താമസിച്ചുവന്നവരാണ് ചോലനായ്ക്കര്‍ വിഭാഗം. ഈ വിഭാഗത്തില്‍ നിന്നുവരുന്ന പ്ലസ്ടു പാസായിട്ടുള്ള വ്യക്തിയാണ് സുധീഷ്.

പ്ലസ്ടു പാസ്സായി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരിമിതിമൂലം സുധീഷിന് ആഗ്രഹം ഒഴിവാക്കേണ്ടി വരികയായിരുന്നു. എന്നാല്‍ അങ്ങനെയൊരു സ്ഥിതി വരുന്ന തലമുറക്ക് ഉണ്ടാകരുതെന്നാണ് ഈ ഇരുപത്തി ഒന്നുകാരന്റെ ആഗ്രഹം. ജയിച്ചുവന്നാല്‍ ആദിവാസികളുടെ സമഗ്രമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് സുധീഷ് പറഞ്ഞു.