സോണിയയുടെ വിമര്‍ശനം ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയെന്ന് സുധീരന്‍

ജനനന്മയും പാര്‍ട്ടി താൽപര്യവും അവഗണിച്ച് സ്വന്തം ഗ്രൂപ്പുകളുമായി മുന്നോട്ടു പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സോണിയയുടേത്. സ്വന്തം ഗ്രൂപ്പിലെ വിജയസാധ്യതയുള്ളവരെപ്പോലും അവഗണിച്ച് തിരഞ്ഞെടുപ്പുകളില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ഥികളാക്കുന്നതിന്റെ ദുരന്തം എത്രയോതവണ അനുഭവിച്ചറിഞ്ഞു.

Update: 2019-09-14 08:02 GMT

തിരുവനന്തപുരം: ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്കു ബാധ്യതയാണെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിമര്‍ശനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജനനന്മയും പാര്‍ട്ടി താൽപര്യവും അവഗണിച്ച് സ്വന്തം ഗ്രൂപ്പുകളുമായി മുന്നോട്ടു പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സോണിയയുടേത്. സ്വന്തം ഗ്രൂപ്പിലെ വിജയസാധ്യതയുള്ളവരെപ്പോലും അവഗണിച്ച് തിരഞ്ഞെടുപ്പുകളില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ഥികളാക്കുന്നതിന്റെ ദുരന്തം എത്രയോതവണ അനുഭവിച്ചറിഞ്ഞു. വേണ്ടപ്പെട്ടവരല്ലെങ്കില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കാന്‍ മടിക്കാത്ത നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഏൽപിച്ച ക്ഷതങ്ങള്‍ വലുതാണ്.

എതിരാളികളുടെ കടുത്ത പ്രചാരണങ്ങള്‍ പോലും തെല്ലുമേല്‍ക്കാതെ നല്ല സ്ഥാനാര്‍ത്ഥികള്‍ നിലവിലെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതും നമുക്ക് കാണാനായിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് കഴിവുള്ളവര്‍ക്കും ജനസ്വീകാര്യതയുള്ളവര്‍ക്കും വിവിധ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുക, പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് അര്‍ഹതയുള്ള നല്ല പ്രവര്‍ത്തകരെയും നേതാക്കളെയും കൊണ്ടുവരിക എന്നതാണ്. സ്ഥാനത്ത് വരുന്നവരുടെ ഫ്ളക്സ് കണ്ട് ഇതാരാണെന്ന് ജനങ്ങള്‍ പരിഹാസത്തോടെ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നു സുധീരന്‍ പറഞ്ഞു. ഈ വിഷമഘട്ടത്തിലെങ്കിലും സ്വാര്‍ത്ഥത വെടിഞ്ഞ് വിശാല കാഴ്ചപ്പാടോടെ മുന്നോട്ടു പോകേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയുമാണ് സോണിയയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇതുള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറായാല്‍ ഇപ്പോഴത്തെ വിഷമസന്ധിയില്‍ നിന്ന് കോണ്‍ഗ്രസിന് കരകയറാനാകുമെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News