നിര്‍ത്തിയിട്ടിരുന്ന ഇന്ധന വാഗണ്‍ മറികടക്കാന്‍ മുകളില്‍ കയറി; വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റു വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കടുത്തുരുത്തി: നിര്‍ത്തിയിട്ടിരുന്ന ഇന്ധന വാഗണ്‍ ട്രെയിനിന് മുകളില്‍ കയറിയ പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീണ് ഗുരുതര പരുക്ക്. പൊള്ളലേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ എസ് ആര്‍ അദ്വൈതിനാണ് ( 18) ഗുരുതരമായി പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെ വൈക്കം റോഡ് ( ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം.
എറണാകുളത്തേക്ക് പോകാനായി കോളജില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം എത്തിയ അദ്വൈത് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്ധന വാഗണിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയും തീ പിടിച്ച് റെയില്‍വേ ലൈനിലേക്ക് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കടുത്തുരുത്തിയിലെയും മുട്ടുചിറയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ അദ്വൈത് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
