പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: ബാലക്ഷേമസമിതി കേസെടുത്തു

സംഭവത്തില്‍ ഡിഎംഒയോടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-11-22 03:12 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതരവീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒയോടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റിയതായി റിപോര്‍ട്ടില്‍ വ്യക്തമായാല്‍ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു. അതിനിടെ, വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കലക്ടറും ഉത്തരവുകളിറക്കി. സ്‌കൂളും പരിസരവും ഇന്നുതന്നെ വൃത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ടുപരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടറും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അന്വേഷണ റിപോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും. 

Tags:    

Similar News