കാട്ടുപാത കടന്ന് ഒളിച്ചെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി; രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ഈടാക്കും

ഇങ്ങനെ പിടിക്കപ്പെടുന്നവരെ നിലവില്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. കാനനപാതകള്‍ നിരീക്ഷിക്കാന്‍ പോലിസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്.

Update: 2020-04-18 13:49 GMT

കല്‍പ്പറ്റ: കാട്ടുപാതയിലൂടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. നിയമം ലംഘിച്ച് ആളുകള്‍ ജില്ലയിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചീരാല്‍, നെന്‍മേനി കാട്ടുപാതകളിലൂടെയാണ് കൂടുതല്‍ ആളുകളെത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും യാതൊരുവിധ അനുമതിയുമില്ലാതെ കടന്നുവരുന്നത് ഇത്തരക്കാര്‍ക്കെതിരേ രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുംവിധമുള്ള നടപടികളാണ് സ്വീകരിക്കുക.

ഇങ്ങനെ പിടിക്കപ്പെടുന്നവരെ നിലവില്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. കാനനപാതകള്‍ നിരീക്ഷിക്കാന്‍ പോലിസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്ര ജീവനുപോലും ഭീഷണിയാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനും ഇടയാവാനുള്ള സാഹചര്യമുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവിടങ്ങളില്‍നിന്ന് വരുന്നവര്‍ മറ്റുള്ളവരിലേക്കും രോഗം പടര്‍ത്താനിടയാക്കും. ഇത്തരക്കാര്‍ക്കെതിരേ നാട്ടുകാരും ജാഗ്രതപുലര്‍ത്തണമെന്ന് കലക്ടര്‍ വ്യക്തമാക്കി. 

Tags:    

Similar News