എസ്എടിയില്‍ പ്രസവചികില്‍സ നിര്‍ത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് ആശുപത്രി സൂപ്രണ്ട്

എസ്എടിയിലും കൊവിഡ് 19 ചികില്‍സ നടക്കുന്നുണ്ടെങ്കിലും പ്രസവചികില്‍സയും അത്യാഹിതവിഭാഗത്തിലെ ചികില്‍സകളും മറ്റും യാതൊരു തടസവുമില്ലാതെ നടന്നുവരുന്നുണ്ട്.

Update: 2020-04-04 15:44 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവചികില്‍സ നിര്‍ത്തിയെന്ന മാധ്യമവാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സാധാരണ പ്രസവങ്ങള്‍ക്ക് കഴിവതും മറ്റ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നത് എസ്എടിയില്‍ തിരക്ക് കുറയ്ക്കും.

എന്നാല്‍, സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങള്‍ക്കും മറ്റ് ചികില്‍സകള്‍ക്കും എസ്എടിയില്‍ യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. എസ്എടിയിലും കൊവിഡ് 19 ചികില്‍സ നടക്കുന്നുണ്ടെങ്കിലും പ്രസവചികില്‍സയും അത്യാഹിതവിഭാഗത്തിലെ ചികില്‍സകളും മറ്റും യാതൊരു തടസവുമില്ലാതെ നടന്നുവരുന്നുണ്ട്. ഇത്തരം ചികില്‍സകളെ യാതൊരുവിധത്തിലും ബാധിക്കാത്ത തരത്തിലാണ് കൊവിഡ് 19 വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനുശേഷം പൊതുവെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എല്ലായിടത്തും നടന്നുവരികയാണ്. അതിന്റെ ഭാഗമായി മാത്രമാണ് സാധാരണ പ്രസവങ്ങള്‍ക്ക് മറ്റ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പാസ് മുഖേനയുള്ള സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് നേരത്തേ തന്നെ അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും നിരവധി ആള്‍ക്കാര്‍ പാസ് ആവശ്യപ്പെട്ട് എത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരറിയിപ്പുണ്ടാവുന്നതുവരെ സന്ദര്‍ശകര്‍ക്ക് പാസ് അനുവദിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍ അറിയിച്ചു. 

Tags:    

Similar News