മലയാളി മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ സംസ്ഥാനവ്യാപക പ്രതിഷേധം

കെയുഡബ്ല്യുജെയുടെയും വിവിധ പ്രസ്‌ക്ലബുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Update: 2019-12-20 07:03 GMT

തിരുവനന്തപുരം: മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടന്നു. രാവിലെ 11 മണിയോടെയാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടന്നത്. കെയുഡബ്ല്യുജെയുടെയും വിവിധ പ്രസ്‌ക്ലബുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പും  മാധ്യമ പ്രവർത്തകർ കത്തിച്ചു.

രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കം ഉപകരണങ്ങളെല്ലാം പോലിസ് പിടിച്ച് വാങ്ങി. മണിക്കൂറുകള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്.


അതിനിടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അറസ്റ്റിനെതിരേ പ്രതികരിച്ചു. പരാജയപ്പെട്ട നേതൃത്വത്തിന്റെ പരാക്രമമാണ് കാണുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എത്ര വേഗമാണ് ജനപ്രീതി ഇല്ലാതായതെന്നും മോദിയുടെയും അമിത് ഷായുടെയും ധാര്‍ഷ്ഠ്യമാണ് കാരണമെന്നും ടിജെഎസ് ജോര്‍ജ് പറഞ്ഞു. ജയിക്കാന്‍ പോകുന്നില്ലെന്ന സത്യം അവര്‍ മനസിലാക്കണം. ജനങ്ങളുടെ പ്രതികരണം കണ്ട് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല, അത്രക്ക് ജനപ്രീതിയില്ലാത്ത സര്‍ക്കാരായി മാറിയെന്നും ടിജെഎസ് ജോര്‍ജ് കുറ്റപ്പെടുത്തി.

Tags: