ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

Update: 2023-12-06 05:21 GMT

തിരുവനന്തപുരം: കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആശുപത്രിയില്‍ ജോലിനല്‍കാമെന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നല്‍കിയായിരുന്നു തട്ടിപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലി (29) നെയാണ് കന്റോണ്‍മെന്റ് പോലിസ് അറസ്റ്റുചെയ്തത്.

എം.പി. ക്വാട്ടയില്‍ റിസപ്ഷനിസ്റ്റ് നിയമനം നല്‍കാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നല്‍കിയ വാഗ്ദാനം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്. ജനുവരി 17-ന് ജോലിക്കു ഹാജരാകണമെന്നു കാണിച്ച് കത്തും കൈമാറി.

അരവിന്ദ് പറഞ്ഞതു പ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകര്‍പ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്.