അടുത്തമാസത്തെ ശമ്പളവും പെൻഷനും; കേരളം 2,000 കോടി രൂപ നാളെ കടമെടുക്കും

എപ്രില്‍ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവന്‍ തീര്‍ന്നു. ഇനി കൈയിലുള്ളത് മാര്‍ച്ചിലെ കേന്ദ്ര നികുതി വിഹിതമായ 8000 കോടി മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യമേഖലയ്ക്കും വീതിച്ച് കഴിയുന്നതോടെ മാസാവസാനം സംസ്ഥാന ഖജനാവ് കാലിയാകും.

Update: 2020-04-27 08:45 GMT

തിരുവനന്തപുരം: അടുത്തമാസം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ട 2,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നാളെ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനസമാഹരണം. ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതിനാല്‍ ഈയിനത്തില്‍ 500 കോടിയോളം രൂപ ധനവകുപ്പിന് ലാഭമായി. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഖജനാവ് കാലിയായ സ്ഥിതി ആയതിനാലാണ് കടമെടുത്ത് ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടല്‍ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം. 2,000 മുതല്‍ 3,000 കോടിവരെ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തുകയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകും.

എപ്രില്‍ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവന്‍ തീര്‍ന്നു. ഇനി കൈയിലുള്ളത് മാര്‍ച്ചിലെ കേന്ദ്ര നികുതി വിഹിതമായ 8000 കോടി മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യമേഖലയ്ക്കും വീതിച്ച് കഴിയുന്നതോടെ മാസാവസാനം സംസ്ഥാന ഖജനാവ് കാലിയാകും. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഒരു മാസത്തെ നേട്ടം 350 കോടി രൂപ മാത്രമാണ്. എത്ര കോടി കടമെടുക്കണം എന്നതില്‍ പോലും അനിശ്ചിതത്വമുണ്ട്. ശമ്പളത്തിനും പെന്‍ഷനുമായി 3500 കോടി വേണമെന്നിരിക്കെ 3000 കോടി കുറഞ്ഞത് കടമെടുക്കണം. മറ്റ് ചെലവുകള്‍ വേറെയും. അഞ്ച് മാസം കൊണ്ട് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം നേരിയ ആശ്വാസം മാത്രമാണ് സര്‍ക്കാരിന് നല്‍കുക. മാസം 350 കോടി വച്ച് 1800 കോടിയോളം എത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.

ഇത് താല്‍ക്കാലികാശ്വാസം ആണെങ്കിലും ജീവനക്കാര്‍ക്ക് തിരികെ നല്‍കേണ്ട ഈ തുകയും കടമായി നില്‍ക്കും. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 5,930 കോടി രൂപ സമാനമായ രീതിയില്‍ കടമെടുത്തിരുന്നു. 8.96 ശതമാനമെന്ന ഉയര്‍ന്ന പലിശയ്ക്കായിരുന്നു ഇതില്‍ 1,930 കോടി കടമെടുത്തത്. ഇത്തവണയും ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതിനാല്‍ കഴിഞ്ഞ തവണത്തേതുപോലെ ആറായിരം കോടി ഒരുമിച്ച് വായ്പയെടുക്കാന്‍ ശ്രമിക്കില്ല. പല ഗഡുക്കളായാകും വായ്പയെടുക്കുന്നത്. അതിന്റെ ആദ്യപടിയാണ് 2000 കോടി എടുക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും പുറമെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും പണം കണ്ടെത്തേണ്ടതുണ്ടെന്നതും സര്‍ക്കാരിന് വന്‍ ബാധ്യതയായി.

Tags:    

Similar News