സംസ്ഥാനത്തെ ആദ്യ കൊവിഡ്‌ ആശുപത്രി ഈ മാസം കൈമാറും

ഇതിനായി 60 കോടിയോളം രൂപയാണ് ടാറ്റ ചിലവഴിക്കുന്നത്‌.

Update: 2020-07-19 10:23 GMT

ചട്ടഞ്ചാൽ: ‌സംസ്ഥാനത്തെ ആദ്യ കൊവിഡ്‌ ആശുപത്രി ഈ മാസാവസാനത്തോടെ നിർമാണം പൂർത്തിയാക്കി സർക്കാരിനു കൈമാറും. ടാറ്റ ​ഗ്രൂപ്പ് ചട്ടഞ്ചാൽ തെക്കിലിൽ നിർമിക്കുന്ന ആശുപത്രിയിൽ കൊവിഡ്‌ ചികിൽസക്കായി ഒരുങ്ങുന്നത്‌ 540 ബെഡ്‌ സൗകര്യം. ഈ മാസം 30ന്‌ മുമ്പായി ആശുപത്രി പ്രവർത്തനം ആരംഭിക്കും.

സ്രവ പരിശോധന നടത്താനുതകുന്ന ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ടാകും. 128 കണ്ടെയ്‌നർ യൂനിറ്റുകളിലായുള്ള ആശുപത്രിയിൽ 210 ബെഡ്‌ ഐസൊലേഷൻ വാർഡായി ഉപയോഗിക്കും. അവശേഷിക്കുന്നവ ക്വാറന്റൈൻ സൗകര്യത്തിനായി നീക്കിവയ്‌ക്കും. കാന്റൈൻ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്‌. മൂന്ന്‌ സോണിലായാണ്‌ പൂർണമായും എയർകണ്ടീഷൻ ചെയ്‌ത കണ്ടെയ്‌നർ യൂനിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്‌. രോഗികളെ പാർപ്പിക്കുന്ന വാർഡുകളിൽ എയർക്കണ്ടീഷൻ ഉണ്ടായിരിക്കില്ല.

ഇതിനായി 60 കോടിയോളം രൂപയാണ് ടാറ്റ ചിലവഴിക്കുന്നത്‌. ജീവനക്കാരെ നിയമിക്കുന്നതും നടത്തിപ്പുമെല്ലാം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തി സൂക്ഷിച്ചാൽ അരനൂറ്റാണ്ട്‌ വരെ ഉപയോഗിക്കാൻ പറ്റുന്ന ആശുപത്രിയാണിതെന്ന് ടാറ്റാ ഗ്രൂപ്പ്‌ അവകാശപ്പെടുന്നു.