എസ്.എസ്.എല്‍.സി 2019ലെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

https://digilocker.gov.in ല്‍ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം.

Update: 2019-07-21 05:13 GMT

തിരുവനന്തപുരം: 219ലെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയതായി പരീക്ഷാഭവന്‍ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. 2018 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ലഭ്യമാണ്.ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in ല്‍ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റില്‍ കയറി സൈന്‍ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ കൊടുക്കണം. മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് (OTP) കൊടുത്തശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍ നെയിമും പാസ് വേര്‍ഡും നല്‍കണം.

അതിനുശേഷം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിന് ലോഗിന്‍ ചെയ്തശേഷം 'Get more now' എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. Education എന്ന സെക്ഷനില്‍ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കുക. തുടര്‍ന്ന് Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

ടോള്‍ഫ്രീ നമ്പര്‍: 1800-4251-1800, 155300 (ബി.എസ്.എന്‍.എല്‍), 0471-2115054, 0471-2115098. 0471-2335523 

Tags: