തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രീ പോള്‍ സര്‍വേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടക്കം തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോള്‍ സര്‍വേ പുറത്തുവിട്ട് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. രാവിലെ ഫെയ്‌സ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോള്‍ സര്‍വേ ശ്രീലേഖ പുറത്തുവിട്ടത്. കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ.
പ്രീ പോള്‍ സര്‍വേ പുറത്തുവിട്ടതിനു പിന്നാലെ സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ശ്രീലഖയ്‌ക്കെതിരെ രേഖാമൂലമാണ് മുരളീധരന്‍ പരാതി നല്‍കിയത്. ബിജെപി പരാജയം ഉറപ്പിച്ചു കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അതിന് ഉദാഹരണമാണെന്നും മുരളീധരന്‍ പറഞ്ഞു. പരാജയം ഉറപ്പിച്ചതിന്റെ വെപ്രാളത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പോസ്റ്റിട്ടതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മുരളീധരന്റെ പരാതിക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സൈബര്‍ പോലിസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ശ്രീലേഖ നടത്തിയതെന്നും തിരഞ്ഞെടുപ്പ് ദിവസം പ്രീ പോള്‍ സര്‍വെ പങ്കുവയ്ക്കാന്‍ പാടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.