ദിലീപ് നിരപരാധി; പള്‍സറിനൊപ്പമുള്ള ചിത്രം വ്യാജം; പോലിസിനെതിരേ ആര്‍ ശ്രീലേഖ

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പോലിസ് വ്യാജമായി നിര്‍മ്മിച്ചതാണ്. ഇക്കാര്യം പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.

Update: 2022-07-10 17:19 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലിസിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ദിലീപിനെതിരേ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ വെളിപ്പെടുത്തി.

ദിലീപിന് പങ്കുണ്ടെന്ന് താന്‍ ആദ്യം കരുതിയെന്നും പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്തിരുന്നെങ്കില്‍ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

ദിലീപിന് കത്തെഴുതിയത് പള്‍സര്‍ സുനിയല്ല. അത് താന്‍ എഴുതിയതല്ലെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. സഹതടവുകാരനാണ് ആ കത്ത് എഴുതിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പോലിസ് വ്യാജമായി നിര്‍മ്മിച്ചതാണ്. ഇക്കാര്യം പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു.