വായ്ക്കുള്ളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണവുമായി ശ്രീചിത്ര

നിലവില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് വായില്‍ പരിശോധന നടത്തുന്ന രീതിയാണ് നടത്തുന്നത്.

Update: 2020-10-27 06:00 GMT

തിരുവനന്തപുരം: വായ്ക്കുള്ളിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണവുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. ഓറല്‍സ്‌കാന്‍ എന്ന പേരില്‍ ശ്രീചിത്ര പുറത്തിറക്കുന്ന ഉപകരണം വായ്ക്കുള്ളിലെ ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കും ഏറെ സഹായകമാകുന്ന ഒന്നായി മാറും.ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണയമാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗ നിര്‍ണയം വൈകുന്നതു മൂലം പലര്‍ക്കും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ഇതിനെല്ലാം പരിഹാരമാണ് ഓറല്‍സ്‌കാന്‍. നിലവില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് വായില്‍ പരിശോധന നടത്തുന്ന രീതിയാണ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് വിലയിരുത്തല്‍.ബയോപ്സി നടത്താന്‍ സാമ്പിള്‍ ശേഖരിക്കാനുള്ള സ്ഥലം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്. ഇവക്കെല്ലാം പരിഹാരമാണ് ഓറല്‍സ്‌കാന്‍ നല്‍കുന്നത്. പ്രത്യേകം തയാറാക്കിയ സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതാണ്. സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്തമായാണ് ശ്രീചിത്ര ഓറല്‍സ്‌കാന്‍ നിര്‍മിച്ചിരിക്കുന്നത്. ഉപകരണത്തിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായുള്ള ശ്രമം തുടരുകയാണ്. 5.9 ലക്ഷം രൂപയാണ് ഓറല്‍സ്‌കാനിന്റെ വില. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉപകരണം ഔദ്യോഗികമായി നാളെ പുറത്തിറക്കും. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ആദ്യ വില്‍പന നടത്തും

Tags: