എസ്ആര്‍ മെഡിക്കല്‍ കോളജ്: വിജിലന്‍സ് ശുപാര്‍ശയില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കാംപസ് ഫ്രണ്ട്

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ തുനിഞ്ഞത്. ഇത് കടുത്ത നീതിനിഷേധമാണ്.

Update: 2019-10-03 11:57 GMT

തിരുവനന്തപുരം: എസ്ആര്‍ മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് വിജിലന്‍സ് നല്‍കിയ ശുപാര്‍ശയിന്‍മേല്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നു കാംപസ് ഫ്രണ്ട് സസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍. കഴിഞ്ഞ കുറെ മാസങ്ങളായി അവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയാണ്. വാടകയ്ക്ക് രോഗികളെ എത്തിച്ചുള്ള തട്ടിപ്പാണ് നടന്നുവരുന്നത്. ഈ വിഷയത്തില്‍ അധികൃതര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാത്രമല്ല, ഇവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സ്ഥിതിയാണ്. വിദ്യാര്‍ഥികളെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ശുപാര്‍ശയിലുണ്ട്.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ശുപാര്‍ശ സ്വാഗതാര്‍ഹമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ തുനിഞ്ഞത്. ഇത് കടുത്ത നീതിനിഷേധമാണ്. ഈ വിഷയത്തില്‍ കാംപസ് ഫ്രണ്ട് എസ്ആര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടു ഡല്‍ഹി ആസ്ഥാനമായ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയും കൈമാറി. വിഷയത്തില്‍ വിജിലന്‍സ് മുന്നോട്ടുവച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആസിഫ് നാസര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News