കീടനാശിനി പ്രയോഗത്തിനു ഡ്രോണ്‍ സംവിധാനം വരുന്നു; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം നല്‍കും

സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ ഉപയോഗത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷത്തോടെ കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Update: 2019-01-25 10:38 GMT

തിരുവല്ല: വേങ്ങല്‍ ഇരുകര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിച്ചശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. മരിച്ച കര്‍ഷകരായ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, വേങ്ങല്‍ ആലംതുരുത്തി മാങ്കളത്തില്‍ മത്തായി ഈശോ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മരണകാരണം, മരിച്ചവരുടെ കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മരിച്ച സനലിന് സ്വന്തമായ കിടപ്പാടമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഭവനനിര്‍മാണ പദ്ധതിയില്‍ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. \

സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ ഉപയോഗത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കൃഷിക്ക് കീടനാശിനി ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കും. കര്‍ഷകര്‍ക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് അറിവ് കുറവാണ്. അതിനാല്‍ കീടനാശിനി പ്രയോഗം നടത്തുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. സര്‍ക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി നിരോധിത കീടനാശിനികള്‍, വളങ്ങള്‍ എന്നിവ കൈവശം വച്ചിരിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും. കാര്‍ഷിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന പരിശീലനം പാസായവര്‍ക്ക് മാത്രമേ ഇനി കീടനാശിനികള്‍ വില്‍ക്കാനുള്ള ലൈസന്‍സ് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

കീടനാശിനി ഉപയോഗത്തിനു ഡ്രോണ്‍ സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ കൃഷി വകുപ്പിന്റെ കീഴില്‍ നടന്നുവരികയാണ്. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് പാടത്ത് ഇറങ്ങാതെ തന്നെ റിമോര്‍ട്ട് ഉപയോഗിച്ചു കൊണ്ട് കിടനാശിനി പ്രയോഗം നടത്തുവാന്‍ കഴിയും. അടുത്ത വര്‍ഷത്തോടെ കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News