സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫ് നശിപ്പിച്ച് എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

നശിപ്പിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ടര്‍ഫ്

Update: 2021-04-03 14:08 GMT

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫ് നശിപ്പിച്ചാണ് പ്രധാനമന്ത്രി പങ്കെടുത്ത എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണയോഗം നടന്നതെന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. യോഗം സ്‌റ്റേഡിയത്തിനകത്താണ് നടത്തിയത്. സ്‌റ്റേഡിയം വീണ്ടെടുക്കും എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നവരാണ് ഇവരെന്ന് ഓര്‍ക്കണം. സൈനികറാലി നടത്താന്‍ സ്‌റ്റേഡിയം ഉപയോഗിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നിലവിളിച്ചവരാണ് ഇവര്‍. 

അന്ന് ആ പരിപാടി മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും പരിമിതസമയത്തിനുള്ളില്‍ മറ്റൊരു വേദി കണ്ടെത്താനുള്ള പ്രയാസം കാരണം അവിടെ തന്നെ നടത്തേണ്ടിവരികയായിരുന്നു. അതിനെതിരെ വാളെടുത്ത ബിജെപി നേതാക്കളും അണികളും ഇപ്പോള്‍ രാഷ്ട്രീയ സമ്മേളനം സ്‌റ്റേഡിയത്തിനുള്ളില്‍ നടത്തിയത് ന്യായീകരിക്കാന്‍ നില്‍ക്കുന്നത് അല്പത്തരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍ഡിഎഫ് പൊതുയോഗം സ്‌പോര്‍ട്‌സ് ഹബിന് മുന്നിലെ റോഡിലാണ് സംഘടിപ്പിച്ചിരുന്നത്. ബിജെപിക്ക് സ്‌റ്റേഡിയത്തിനുള്ളില്‍ നടത്തിയേ മതിയാകൂ എന്നുണ്ടെങ്കില്‍ തന്നെ ഗാലറിയില്‍ ആളുകള്‍ക്ക് ഇരിക്കാന്‍ സംവിധാനമൊരുക്കണമായിരുന്നു. അതിന് പകരം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു പരിപാലിക്കുന്ന ടര്‍ഫില്‍ ഇരിപ്പിട സൗകര്യമൊരുക്കി താറുമാറാക്കുകയല്ല വേണ്ടിയിരുന്നത്. കഴക്കൂട്ടത്തെ നന്നാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയില്‍ ഇതുപോലെ നശിപ്പിക്കാതിരുന്നാല്‍ ഉപകാരമെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫേസ് ബുക്കില്‍ കുറിച്ചു.

Tags:    

Similar News