പത്തനംതിട്ടയിലെ അതിഥി തൊഴിലാളികളുമായി ഈമാസം പത്തിന് ട്രെയിൻ പുറപ്പെടും

പത്തനംതിട്ടയില്‍ നിന്ന് ബീഹാറിലേക്കാണു ആദ്യ ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്. ആറാം തീയതി കോട്ടയത്തുനിന്ന് ഒറീസയിലേക്കും പത്തിന് ഇടുക്കിയില്‍ നിന്നുള്ളവര്‍ക്ക് ഛാര്‍ഖണ്ഡിലേക്കും ട്രെയിനുകള്‍ പോകുന്നുണ്ട്.

Update: 2020-05-03 05:30 GMT

പത്തനംതിട്ട: ജില്ലയില്‍ നിന്ന് അന്യസംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ മേയ് പത്തിന് പുറപ്പെടുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി ജില്ലയില്‍ സ്ഥാപിച്ച കോള്‍ സെന്ററുകളിലെ വോളന്റീയേഴ്സുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിനുശേഷമാണു കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

പത്തനംതിട്ടയില്‍ നിന്ന് ബീഹാറിലേക്കാണു ആദ്യ ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്. ആറാം തീയതി കോട്ടയത്തുനിന്ന് ഒറീസയിലേക്കും പത്തിന് ഇടുക്കിയില്‍ നിന്നുള്ളവര്‍ക്ക് ഛാര്‍ഖണ്ഡിലേക്കും ട്രെയിനുകള്‍ പോകുന്നുണ്ട്. ഈ ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ പത്തനംതിട്ടയില്‍ നിന്നുള്ളവരെ പരിഗണിക്കുന്നതിനും ശ്രമിക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നിന്നു നാട്ടിലേക്കു തിരിച്ചുപോകുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ വില്ലേജുകളില്‍ നിന്നു ശേഖരിച്ച് പട്ടിക തിങ്കളാഴ്ച പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറും.

ജില്ലയില്‍ 16066 അതിഥി തൊഴിലാളികളാണുള്ളത്. ഇതില്‍ ചെറിയ ഒരു ശതമാനംപേരാണ് ഉടന്‍ മടങ്ങുവാന്‍ താല്‍പര്യം പ്രകടപ്പിച്ചത്. ഇവര്‍ ഏത് സംസ്ഥാനത്തേക്കാണ് പോകുന്നത് എന്നതനുസരിച്ച് അവരുടെ സംസ്ഥാനതല പട്ടിക തയ്യാറാക്കും. അവയില്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലയില്‍ നിന്നു പോകുവാന്‍ മതിയായ എണ്ണത്തിനുള്ള ആളുകള്‍ ഇല്ലെങ്കില്‍ കോട്ടയം ജില്ലയുമായി ചേര്‍ന്ന് അവരെ അയക്കുവാനുള്ള സംവിധാനമൊരുക്കും. ഇവരെ റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം കെഎസ്ആര്‍ടിസി ഒരുക്കും. മടങ്ങിപോകാന്‍ ഉദ്ദേശിക്കുന്നവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സബ് കലക്ടര്‍ക്കും ആര്‍ഡിഒക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവര്‍ക്കായി സംശയ നിവാരണത്തിന് അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുള്ള കോള്‍ സെന്റര്‍ നമ്പറായ 90159 78979 ല്‍ വിളിക്കാം. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള വോളണ്ടിയേഴ്‌സ് പ്രവര്‍ത്തനസജ്ജമായി 24 മണിക്കൂറും ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോള്‍ സെന്റര്‍ വോളന്റീയേഴ്സ് ഇതുവരെ ചെയ്തത് മികച്ച പ്രവര്‍ത്തനങ്ങളാണെന്നും അവ വീണ്ടും തുടരണമെന്നും കലക്ടര്‍ പറഞ്ഞു. 

Tags:    

Similar News