കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലിസ് സംഘം നിലവില്‍വന്നു

തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല.

Update: 2018-12-14 12:39 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്താനും തടയാനുമായി കേരള പോലിസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പോലിസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പോലിസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫിസറായ െ്രെകം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാവും പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം.

ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്താനായി സൈബര്‍ പട്രോളിങ് നടത്തുക, അത്തരത്തിലുണ്ടാവുന്ന ചൂഷണം തടയുക, അത്തരം സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളുക, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കുട്ടികള്‍ക്കെതിരേ നടക്കുന്ന ചൂഷണങ്ങളെ പറ്റി അറിയിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രദീഷ് കുമാര്‍, റെയില്‍വേ പോലിസ് സൂപ്രണ്ട് മെറിന്‍ ജോസഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഷാഫി, പോലിസ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എ വി സുനില്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ സംഘത്തില്‍ ഉണ്ടായിരിക്കും. 

Tags:    

Similar News