സ്പെഷ്യല്‍ തപാല്‍ വോട്ട്: നടപടികള്‍ സ്ഥാനാര്‍ഥികള്‍ക്കും കണാം; വോട്ടര്‍മാരുടെ വിവരങ്ങള്‍ ഒന്നിലധികം തവണ ശേഖരിക്കും

സ്പെഷ്യല്‍ തപാല്‍ വോട്ട് നടപടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സ്പെഷ്യല്‍ പോളിങ് ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയ്യാറാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Update: 2020-11-30 08:50 GMT

കോട്ടയം: കൊവിഡ് ചികില്‍സയിലും ക്വാറന്റൈനിലും കഴിയുന്നവര്‍ സ്പെഷ്യല്‍ തപാല്‍ വോട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വീക്ഷിക്കാം. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റുമാരെ ഇതിനായി നിയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. സ്പെഷ്യല്‍ തപാല്‍ വോട്ട് നടപടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സ്പെഷ്യല്‍ പോളിങ് ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയ്യാറാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊക്കുന്നതിനുള്ള നടപടികള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സെല്ലില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും അതത് വരണാധികാരികളുടെ ഓഫിസുകളില്‍നിന്നും വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.

ചികില്‍സയിലും ക്വാറന്റൈനിലുമുള്ളവര്‍ തങ്ങളുടെ തദ്ദേശസ്ഥാപനത്തിന്റെ പേര്, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍, ക്രമനമ്പര്‍, തിരിച്ചറില്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഒരാള്‍ക്കുപോലും വോട്ടുചെയ്യുന്നതിനുള്ള അവസരം നഷ്ടമാകാതിരിക്കുന്നതിനായാണ് ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്തുന്നതിനും വിവരശേഖരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു.

ഈ വിവരങ്ങള്‍ ഒരു പേപ്പറില്‍ എഴുതി കൈവശം സൂക്ഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ തന്നെ ഇവ നല്‍കാനാവും. ആവര്‍ത്തിച്ച് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നത് അസൗകര്യമായി കണക്കാക്കാതെ ജനാധിപത്യപ്രകിയയില്‍ പങ്കാളികളാകുന്നതിനുള്ള അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Tags:    

Similar News