മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക സഹായ പാക്കേജ് കൊണ്ടുവരണം: ഇ ടി മുഹമ്മദ് ബഷീര്‍

സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും അദ്ദേഹം കത്തയച്ചു.

Update: 2020-04-06 14:59 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ കാരണം തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക സഹായ പാക്കേജ് കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും അദ്ദേഹം കത്തയച്ചു.

കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖല വളരെ വലിയ ദുരിതത്തിലായിരിക്കുയാണ്. നേരത്തെ തന്നെ വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ കൊവിഡ് 19 നുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ് വന്നത്. കേരളത്തില്‍ മാത്രമായി 590 കിലോമീറ്റര്‍ വിസ്തൃതിയില്‍ തീരദേശ പ്രദേശമുണ്ട്. ഇതില്‍ തന്നെ ഏതാണ്ട് 10 ലക്ഷത്തോളം മല്‍സ്യതൊഴിലാളികളും ഉണ്ട്. അന്നന്ന് തൊഴില്‍ ചെയ്ത് കുടുംബം പോറ്റുന്ന ഈ വിഭാഗം ഒരു ദിവസമെങ്കിലും ജോലിക്ക് പോയില്ലെങ്കില്‍ അന്ന് പട്ടിണി കിടക്കേണ്ടി വരുന്നവരാണ് . ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങള്‍ വന്നതിന് ശേഷം ജോലിക്ക് പോകാന്‍ സാധിക്കാത്ത വിധത്തില്‍ മല്‍സ്യ തൊഴിലാളികളും അവരുടെ കുടുംബവും പട്ടിണിയിലേക്ക് നീങ്ങിയിരിക്കുകയാണ് . സാഹചര്യം മനസ്സിലാക്കി പ്രത്യേക പരിഗണന നല്‍കി ഈ വിഭാഗം തൊഴിലാളികള്‍ക്ക് ഒരു പ്രത്യേക സഹായ പാക്കേജ് കൊണ്ടുവരണമെന്ന് ഇ.ടി ആവശ്യപ്പെട്ടു.






Tags:    

Similar News