ദക്ഷിണേന്ത്യയുടെ കലാമാമാങ്കത്തിന് എന്‍ഐടിയില്‍ തിരിതെളിഞ്ഞു

Update: 2026-03-26 14:59 GMT

കോഴിക്കോട്: എന്‍ഐടി കാലിക്കറ്റിന്റെ 'രാഗം 26'-ന് വര്‍ണ്ണാഭമായ തുടക്കം. ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം സുരഭി ലക്ഷ്മി മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. സത്യാനന്ദ പാണ്ഡ സ്വാഗതം പറഞ്ഞു. രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. സുനില്‍ ജേക്കബ് ജോണ്‍ സംസാരിച്ചു.

മാര്‍ച്ച് 27 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം, ലളിതകലകള്‍, നാടകം തുടങ്ങിയ വിഭാഗങ്ങളിലായി നൂറോളം മല്‍സരങ്ങള്‍ അരങ്ങേറും.

വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും മേളയുടെ ഭാഗമായി ക്യാംപസിലെത്തും. വ്യത്യസ്ത സംസ്‌കാരങ്ങളുടെയും വൈവിധ്യമാര്‍ന്ന കലകളുടെയും സംഗമഭൂമിയായി എന്‍ ഐ ടി കാലിക്കറ്റ് മാറുന്ന മൂന്ന് ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.