കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; വയനാട്ടിൽ കൂടിയാലോചനാ യോഗം പോലിസ് വിലക്കി
ലൈബ്രറിയുടെ ഭാരവാഹികളെ പോലിസ് സ്റ്റേഷനില്‍ നിന്നു വിളിച്ച് നാളത്തെ യോഗത്തിന് സ്ഥലം കൊടുക്കരുതെന്നു ആവശ്യപ്പെട്ടെന്നാണ് ആരോപണം
കൽപ്പറ്റ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം സംഘടിപ്പിക്കുന്നതിനായി വയനാട് പനമരത്ത് ചേരാനിരുന്ന കൂടിയാലോചനാ യോഗം പോലിസ് വിലക്കിയതായി ആരോപണം. പനമരം ചേതന ലൈബ്രറിയിൽ ഞായറാഴ്ച്ച നടക്കാനിരുന്ന യോഗമാണ് പോലിസ് വിലക്കിയത്. വിലക്കിന് പിന്നാലെ തെരുവോരത്ത് യോഗം സംഘടിപ്പിക്കുകയായിരുന്നു.
വയനാട്ടില്‍ കേരള പോലിസ് തങ്ങളുടെ കൂറ് മോദിയോട് തന്നെയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന ഇടപെടലുകളാണ് ഉണ്ടായതെന്ന് സംഘാടകർ പറഞ്ഞു. വയനാടിന്റെ എല്ലാഭാഗത്തു നിന്നും ഏകദേശ മധ്യഭാഗം എന്നനിലയിലാണ് പനമരത്തെവിടെയെങ്കിലും ഒരു പത്തിനും ഇരുപതിനുമിടയില്‍ ആള്‍ക്കാര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുതന്നെ ഒരുമിച്ച് ഇരിക്കാന്‍ പറ്റിയ സ്ഥലമെന്ന നിലയിലാണ് പനമരം ചേതന ലൈബ്രറി&റീഡിങ്ങ് റൂം തിരഞ്ഞെടുത്തതെന്നും സംഘാടകർ പറയുന്നു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിളിച്ചുകൂട്ടുന്നതും വളരെ പെട്ടന്ന് സംഘടിപ്പിക്കേണ്ടതുമായതുകൊണ്ട് നേരിട്ടു വിളിച്ചു പറഞ്ഞതു കൂടാതെ നവമാധ്യമങ്ങളിലും പ്രദേശികചാനലുകളിലും അടക്കം സ്ഥലവും സമയവും പ്രഖ്യാപിച്ച് ഒപ്പം നിൽക്കുന്നവരെ ക്ഷണിച്ചതെന്നും സംഘാടകർ സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.
ഞായറഴ്ച നടക്കുന്ന പരിപാടിയുടെ ബാക്കിയെല്ലാ ഒരുക്കവും കഴിയുമ്പോള്‍ ശനിയാഴ്ച രാത്രി ചേതന ലൈബ്രറിയുടെ ഭാരവാഹികളെ പോലിസ് സ്റ്റേഷനില്‍ നിന്നു വിളിച്ച് നാളത്തെ യോഗത്തിന് സ്ഥലം കൊടുക്കരുതെന്നു ആവശ്യപ്പെട്ടെന്നാണ് ആരോപണം. അവസാന മണിക്കൂറില്‍ യോഗം മാറ്റിവയ്ക്കലോ പുതിയൊരു സ്ഥലം കണ്ടെത്തലോ പ്രയോഗികമല്ലാത്തതിനാൽ തെരുവിൽ യോഗം ചേരുകയായിരുന്നു.
