ആലപ്പാടിന് ഐക്യദാര്‍ഢ്യം; കവിയരങ്ങും സംഘചിത്രരചനയും സംഘടിപ്പിച്ചു

ആലപ്പാടിനെ രക്ഷിക്കുക എന്ന ആവശ്യവുമായി ബാനര്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ നന്ദാവനം ജങ്ഷനിലാണ് കവിയരങ്ങും സംഘചിത്ര രചനയും സംഘടിപ്പിച്ചത്.

Update: 2019-01-19 18:03 GMT

ചെങ്ങന്നൂര്‍: കരിമണല്‍ ഖനനം മൂലം ജനജീവിതം ഭീഷണിയിലായ ആലപ്പാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി. ആലപ്പാടിനെ രക്ഷിക്കുക എന്ന ആവശ്യവുമായി ബാനര്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ നന്ദാവനം ജങ്ഷനിലാണ് കവിയരങ്ങും സംഘചിത്ര രചനയും സംഘടിപ്പിച്ചത്.

പുരോഗതിയുടെ പേരില്‍ മനുഷ്യനെയും ആവാസവ്യവസ്ഥയെയും നശിപ്പിക്കുന്ന പ്രവണത തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഒ എസ് ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആലപ്പാടും അവിടുത്തെ ജനങ്ങളും. അവരോട് ഐക്യദാര്‍ഢ്യപ്പടുക എന്നത് മാനവികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു കലാകാരന്റെയും ധാര്‍മിക കടമയാണെന്ന് ഞാന്‍ കരുതുന്നു. ആലപ്പാടിനെ ഭൂപടത്തില്‍നിന്നും തുടച്ചുമാറ്റുന്ന ഭരണകൂട സമീപനം തിരുത്തപ്പെടുകതന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാനര്‍ സാംസ്‌കാരിക സമിതി കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. ആറന്‍മുള ശ്രീരംഗനാഥന്‍, ബോധിനി പ്രഭാകരന്‍ നായര്‍, കെ ബിമല്‍ജി, ടി കെ ഗോപിനാഥന്‍, വി വേണുഗോപാല്‍ എന്നിവര്‍ സാംസ്‌കാരിക സംഗമത്തില്‍ ഐക്യദാര്‍ഢ്യപ്രസംഗം നടത്തി. സി എസ് രാജേഷ്, സത്യന്‍ കോമല്ലൂര്‍, രാജ്‌നീല, വിനോദ് മുളമ്പുഴ, രാജു ചെങ്ങന്നൂര്‍, ഞെട്ടൂര്‍ ഉണ്ണികൃഷ്ണന്‍, വേണു പുലിയൂര്‍, രതീഷ് പാണ്ടനാട്, കലാഭവന്‍ മാധവന്‍, ജിജി ഹസന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ബിനു ബേബി, കനീഷ് കുമാര്‍, ദേവദാസ് എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.

Tags: