ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍; സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ല- ഉമ്മന്‍ചാണ്ടി

Update: 2021-01-24 12:29 GMT

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി അഞ്ചുവര്‍ഷമായി ഒരു ചെറുവിരലനക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഈ കേസ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. സര്‍ക്കാര്‍ നപടി രാഷ്ട്രീയപ്രേരിതമാണ്. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ല.

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരേ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇതെന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് പറയാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഇതൊക്കെ രാഷ്ട്രീയമായെടുക്കുന്ന, രാഷ്ട്രീയപ്രേരിതമായ നടപടിയല്ലേ? ബാക്കിയെല്ലാം നമുക്ക് പിന്നീട് വഴിയെ പറയാം.

ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടിയെന്ന കാര്യം തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Tags:    

Similar News