വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും 'സീനിയര്‍ സിറ്റിസണ്‍ സെല്‍'

മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും, ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചനില്‍നിന്നും എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-04-04 11:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഹൈ റിസ്‌കിലുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരും ശ്വാസകോശസംബന്ധമായ അസുഖമുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവര്‍ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ പാടില്ല. ലോകത്തെമ്പാടും ഏറ്റവുമധികം അത്യാഹിതം സംഭവിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ആള്‍ക്കാരിലാണ്. കേരളത്തില്‍ ഏതാണ്ട് 1.60 ലക്ഷത്തിലധികം ആള്‍ക്കാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രായമായവരുണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല.

കേരളത്തില്‍ ഇതുപോലെ രണ്ടുലക്ഷത്തോളം വയോജനങ്ങള്‍ വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും പുറംലോകം അറിഞ്ഞെന്നുവരില്ല. ഇതെല്ലാം മുന്നില്‍കണ്ടാണ് സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പുകള്‍ സംയുക്തമായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അങ്കണവാടി ജീവനക്കാര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടും. അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരെ ഓരോരുത്തരുമായി ബന്ധപ്പെട്ട് മരുന്നുകള്‍, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നു.

മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും, ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചനില്‍നിന്നും എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ ജില്ലകളിലും സീനിയര്‍ സിറ്റിസണ്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍, പ്രൊബേഷന്‍ ഓഫീസര്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍സ്, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ എന്നിവരാണ് സെല്ലിന് നേതൃത്വം നല്‍കുന്നത്. ഇവരെ സഹായിക്കാനായി രണ്ട് വകുപ്പുകളിലെയും ജീവനക്കാരുമുണ്ടായിരിക്കും. ഇവര്‍ വീട്ടിലെ നിരീക്ഷണത്തിലുള്ളവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ഭക്ഷണം കിട്ടാത്തവരെയും മരുന്നു കിട്ടാത്തവരെയും കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതാണ്. കേരളത്തില്‍ സന്നദ്ധസംഘടനകളുടെ കീഴില്‍ 604 വൃദ്ധസദനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ 16 വൃദ്ധസദനങ്ങളിലും ഉള്‍പ്പെടെ 22,000ത്തോളം വയോജനങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആയിരം രൂപയുടെ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

അതുകൂടാതെ ഓരോ ഹോമിലും നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രണ്ട് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ നിരന്തരം ഹോമുകളില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് മരുന്നും ആഹാരസാധനങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 97 വയോമിത്രം കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വയോജനങ്ങള്‍ ഒത്തുകൂടുന്നത് ആശാസ്യമല്ലാത്തതിനാല്‍ അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ വീട്ടിലെത്തിച്ചുവരുന്നു. ആര്‍ക്കെങ്കിലും മരുന്നു കിട്ടാത്ത സാഹചര്യമുണ്ടെങ്കില്‍ അത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെയോ അങ്കണവാടി പ്രവര്‍ത്തകരെയോ അറിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News