സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; പോലിസിന്റെ നടപടി പക്ഷപാതിത്വമെന്ന് ആരോപണം

Update: 2022-04-20 16:46 GMT

പരപ്പനങ്ങാടി: സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഒരുവിഭാഗത്തിനെതിരേ മാത്രമാണെന്ന പരാതി വ്യാപകം. പാലക്കാട് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ കണ്ടെത്തിയെന്ന പേരില്‍ പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളാണ് ഒരുവിഭാഗത്തിനെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നുവെന്ന പരാതിക്ക് കാരണമാവുന്നത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷന്‍ പരിധിയിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മുഴുവനും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ മാത്രമാണ്.

പലയിടത്തും പാലക്കാട് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടികള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത് 153 എ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ്. പലയിടത്തും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, പാലക്കാട് ആദ്യം കൊല്ലപ്പെട്ട സുബൈറിന്റെ കൊലപാതകത്തില്‍ സന്തോഷിച്ച് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥിനെതിരേയും ലസിത പാലക്കലിനെതിരെയും അടക്കം കേസില്ലെന്ന് മാത്രമല്ല, ഇവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെയടക്കം കണ്ടില്ലെന്ന മട്ടിലാണ് പോലിസ് നടപടികള്‍.

എസ്ഡിപിഐ സംസ്ഥാന പ്രസി മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെ അടക്കം വധഭീഷണി മുഴക്കുന്ന രീതിയില്‍ പോസ്റ്റിട്ട തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയും കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തത് വിവാദമായിരിക്കുകയാണ്. നേരത്തെ ആലപ്പുഴയില്‍ കൊലപാതകങ്ങള്‍ നടന്നപ്പോഴും പോലിസ് സമാനതരത്തിലുള്ള നടപടികളാണെടുത്തിരുന്നതന്ന് എസ്ഡിപിഐ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. സംഘപരിവാറിനെതിരേ പോസ്റ്റിട്ടാല്‍ പോലും മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് ഒരുവിഭാഗത്തിനെതിരേ മാത്രം കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് എസ്ഡിപിഐ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: