പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ വീണ്ടും യുഎപിഎ; പ്രതിഷേധവുമായി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍
അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെതിരേ യുഎപിഎ ചുമത്തില്ലെന്ന് അടുത്തകാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. എന്നാലും പോലിസ് ആശയപ്രചാരണസ്വാതന്ത്ര്യത്തിനുമേല്‍ യുഎപിഎ ചുമത്തുന്നത് തുടരുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീകാന്തിനും സി പി നഹാസിനുമെതിരേ പെരിന്തല്‍മണ്ണ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കോഴിക്കോട്: വയനാട് വൈത്തിരിയില്‍ മാവോവാദി പ്രവര്‍ത്തകന്‍ സി പി ജലീല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികളെ അറസ്റ്റുചെയ്യണമെന്നും തണ്ടര്‍ബോള്‍ട്ട് സേനയെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ നേതാക്കളായ ശ്രീകാന്തിനും സി പി നഹാസിനുമെതിരേ യുഎപിഎ ചുമത്തി കേസെടുത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന ആശയപ്രചാരണസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഭരണഘടന അവകാശത്തിലുപരി അലംഘനീയമായ ജന്‍മാവകാശമാണ് ആശയപ്രചാരണ സ്വാതന്ത്ര്യം.
പോലിസ് നടത്തിയ ജലീലിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി തന്നെ ഉത്തരവ് നല്‍കിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു കേസ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് ഒട്ടും ഭൂഷണമല്ല. യുഎപിഎ ഇടതുസര്‍ക്കാരിന്റെ നയമല്ലെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. മാത്രമല്ല, അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെതിരേ യുഎപിഎ ചുമത്തില്ലെന്ന് അടുത്തകാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. എന്നാലും പോലിസ് ആശയപ്രചാരണസ്വാതന്ത്ര്യത്തിനുമേല്‍ യുഎപിഎ ചുമത്തുന്നത് തുടരുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീകാന്തിനും സി പി നഹാസിനുമെതിരേ പെരിന്തല്‍മണ്ണ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.
യുഎപിഎ ചുമത്തുന്നതിന് ഇത്തരത്തില്‍ പോലിസിന് മൗനാനുവാദം നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. രാജ്യം ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പിടിയിലമരുന്ന, ജനവിരുദ്ധനിയമങ്ങള്‍ അതിനായി നിര്‍മിച്ചുനടപ്പാക്കുന്ന ഇക്കാലത്ത് അതിനെതിരേ പോരാട്ടം നയിക്കേണ്ടവര്‍തന്നെ ഇത്തരം അടിച്ചമര്‍ത്തലുകളുടെ ഭാഗമാവുന്നത് ഏറെ ആശങ്കാജനകമാണ്. യുഎപിഎ നിയമഭേദഗതിക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്ന നാടായ കേരളത്തില്‍ നിന്നുതന്നെ യുഎപിഎ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലിന്റെ വാര്‍ത്തകള്‍ വീണ്ടും വരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ശ്രീകാന്തിനും നഹാസിനുമെതിരായ യുഎപിഎ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെ സച്ചിദാനന്ദന്‍, ജസ്റ്റിസ് ഷംസുദ്ദീന്‍, എം എം ലോറന്‍സ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രഫ. പി കോയ, ഹമീദ് വാണിയമ്പലം, എ വാസു (ഗ്രോ), കെ മുരളി, ജെ ദേവിക, അഡ്വ.പി എ പൗരന്‍, അഡ്വ.കെ എസ് മധുസൂദനന്‍, കെ പി സേതുനാഥ്, റെനി ഐലിന്‍, മിര്‍സാദ് റഹ്മാന്‍, കെ എച്ച് നാസര്‍, എം എന്‍ രാവുണ്ണി, പ്രഫ.കുസുമം ജോസഫ്, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, കെ കെ കൊച്ച്, സി എസ് മുരളി, പി ജെ മാനുവല്‍, പി ഐ ഷൈന, മൃദുല ഭവാനി, ഡോ.പി ജി ഹരി തുടങ്ങി 45 ഓളം പ്രമുഖരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

