തന്ത്രി കണ്ഠര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി എസ്‌ഐടി ; 'തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം'

Update: 2026-02-10 14:25 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി എസ്‌ഐടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ നിക്ഷേപമെന്നാണ് കണ്ടെത്തല്‍. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ട് എന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി റിപോര്‍ട്ട് നല്‍കി. രാജീവരുടെ ജാമ്യാപേക്ഷയില്‍ ഈമാസം 18നാണ് കോടതി വിധി.

തന്ത്രി കണ്ഠര് രാജീവര് 2024-25 സാമ്പത്തിക വര്‍ഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകന്‍ എന്ന ഗണത്തില്‍ തന്ത്രി ഉള്‍പ്പെടുമെന്നും എസ്‌ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടു. ഉദ്വോഗസ്ഥന്‍ അല്ലെങ്കിലും തന്ത്രി ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നയാളാണ്. ദേവസ്വം ബോര്‍ഡില്‍ നിന്ന് പല സമയങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റിയെന്നും എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്.