സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ: അച്ചടിയും വിതരണവും നിര്‍ത്തിവയ്ക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

സിസ്റ്റര്‍ ലൂസി കളപ്പുര, ഡിസി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫാണ് ഹരജി നല്‍കിയത്.

Update: 2019-12-04 10:27 GMT

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പുസ്തകത്തിലെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പോലിസില്‍ പരാതിപ്പെടാമെന്ന് കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. സിസ്റ്റര്‍ ലൂസി കളപ്പുര, ഡിസി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫാണ് ഹരജി നല്‍കിയത്. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനക്കേടുണ്ടാക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.

സിസ്റ്റര്‍ ലൂസി എഴുതിയ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തില്‍ വൈദികര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനയെത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീയായതിനുശേഷം തന്നെ നാലുതവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സിസ്റ്റര്‍ ആരോപിക്കുന്നുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. 

Tags:    

Similar News