അഭയാ കേസ്: നീതിയെ അട്ടിമറിക്കുന്ന അന്വേഷണ സംഘങ്ങളോടുള്ള താക്കീതാണ് കോടതി ഉത്തരവ്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

Update: 2020-12-22 17:54 GMT

തിരുവനന്തപുരം: തെളിവുകള്‍ നിരന്തരം നശിപ്പിച്ച് നീതിയെ അട്ടിമറിക്കുന്ന അന്വേഷണസംഘങ്ങള്‍ക്കുള്ള താക്കീതാണ് സിസ്റ്റര്‍ അഭയാ കേസിലെ സിബിഐ കോടതി ഉത്തരവെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയാ കേസിന് നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം നീതിയുടെ പ്രതീക്ഷ നല്‍കുന്നതാണ് തിരുവന്തപുരം സ്‌പെഷ്യല്‍ കോടതിയുടെ ഉത്തരവ്. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയുടെ വന്‍ചോദ്യചിഹ്‌നത്തിനാണ് ഉത്തരമായിരിക്കുന്നത്.

എത്ര കുഴിച്ചുമൂടിയാലും സത്യം പുലരുക തന്നെ ചെയ്യുമെന്നതിന്റെ ഉദാഹരണത്തിനാണ് കേരളം സാക്ഷിയാവുന്നത്. കേസിന്റെ വിധി ദീര്‍ഘനാള്‍ വൈകുന്നതിന് കാരണക്കാരായ, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശിക്ഷാ വിധിയുണ്ടാവേണ്ടതുണ്ട്. നീതി പുലരുന്ന നാളുകള്‍ക്കായുള്ള ജനകീയ പോരാട്ടങ്ങളോട് വിമന്‍ ജസ്റ്റിസ് എന്നും ഐക്യപ്പെട്ടിരിക്കും. പ്രതികള്‍ക്ക് മാതൃകാപരമായ കര്‍ശനശിക്ഷ തന്നെ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും വിമന്‍ ജസ്റ്റിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ജബീന ചൂണ്ടിക്കാട്ടി.

Tags:    

Similar News