'എസ്‌ഐആര്‍ ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളി, സര്‍വകക്ഷി യോഗം ചേരും'; മുഖ്യമന്ത്രി
നവംബര്‍ അഞ്ചിന് എസ്‌ഐആറില്‍ സര്‍വകക്ഷി യോഗം ചേരും
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം(എസ്‌ഐആര്‍)തിടുക്കപ്പെട്ട് നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌ഐആര്‍ പരിഷ്‌കരണത്തിനെതിരെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിന് അടുത്ത മാസം അഞ്ചിന് സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. തിടുക്കപ്പെട്ട് എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യപ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാനത്താകമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എസ്ഐആര്‍ എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്ഐആറിന്റെ അപകടം മനസിലാക്കി കേരള നിയമസഭ ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയത് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്ഐആറില്‍ നിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കണമെന്നുമായിരുന്നു നിയമസഭയുടെ ആവശ്യം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടേയും അഭിപ്രായം അവഗണിച്ചാണ് എസ്ഐആറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എസ്ഐആര്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വിലയിരുത്തലും അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് എസ്ഐആറിലെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമ നടപടി ആലോചിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കിയിരുന്നു. ഇന്നു ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ എല്‍ഡിഎഫും യുഡിഎഫും കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ ശക്തമായി എതിര്‍ത്തു. ആവശ്യം തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ കേരളത്തില്‍ എസ്ഐആര്‍ വളരെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് മറുപടി നല്‍കിയിരുന്നു.

