ആദ്യകാല നാടക,ചലച്ചിത്ര പിന്നണി ഗായകന്‍ സീറോ ബാബു അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കബറടക്കം നാളെ എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും

Update: 2020-10-21 15:09 GMT

കൊച്ചി: ആദ്യകാല മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായ സീറോ ബാബു (കെ ജെ മുഹമ്മദ് ബാബു-80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കബറടക്കം നാളെ എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. എറണാകുളത്ത് കപ്പട്ടിപ്പറമ്പില്‍ ജാഫര്‍ഖാന്‍ മുഹമ്മദിന്റെയും ബീവിക്കുട്ടിയുടെയും മകനായി 1941ലാണ് ജനനം.

കൊച്ചിയിലെ കലാസംഘങ്ങളുടെ ഭാഗമായി പാട്ടുകള്‍ പാടിത്തുടങ്ങിയ ബാബു പിന്നീട് നാടകട്രൂപ്പുകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ചാണ് ശ്രദ്ധേയനായത്. പി ജെ ആന്റണിയുടെ ദൈവവും മനുഷ്യനാണ് എന്ന നാടകത്തിലെ ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രശസ്തമായി. സണ്ണി എന്ന കഥാപാത്രമായി എണ്ണമറ്റ വേദികളില്‍ ഈ ഗാനം പാടി അഭിനയിച്ചതോടെയാണ് അദ്ദേഹം സീറോ ബാബു എന്നറിയപ്പെടാന്‍ തുടങ്ങിയത്. കുടുംബിനി(1964) എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണിഗായകനായത്. കണ്ണിനു കണ്ണിനെ കരളിന് കരളിനെ എന്ന ഗാനമാണ് ആലപിച്ചത്. ഭൂമിയിലെ മാലാഖ, പോര്‍ട്ടര്‍ കുഞ്ഞാലി, ജീവിതയാത്ര, സ്റ്റേഷന്‍ മാസ്റ്റര്‍, അവള്‍, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളില്‍ പാടി.

ബാബുരാജിന്റെ സംഗീതത്തില്‍ സുബൈദയില്‍ മെഹ്ബൂബുമൊത്തു പാടിയ കളിയാട്ടക്കാരി കിളിനാദക്കാരി എന്ന കോമഡി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാടത്തരുവി കൊലക്കേസ് ആണ് ആദ്യം വേഷമിട്ട സിനിമ. അഞ്ചുസുന്ദരികള്‍, തോമാസ്ലീഹ, രണ്ടാംഭാവം എന്നീചിത്രങ്ങളിലും വേഷമിട്ടു. സിദ്ദീഖ് ലാലിന്റെ കാബൂളിവാലയാണ് അവസാനചിത്രം . 2005ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്‍ശപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.ഭാര്യ: ആത്തിക്ക ബാബു, മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നസീര്‍.

Tags:    

Similar News